സാന്ത്വന പരിചരണം ഒരു ദ്വിമുഖ പ്രവർത്തനമാണ്. ഒരു വശത്ത് അത് രോഗിയുടെ ശാരീരികാവസ്ഥയെ എത്ര കണ്ട് മെച്ചപ്പെടുത്താമെന്ന് നോക്കുന്നു. മറുവശത്ത് രോഗിക്ക് അവരുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രതീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാനുമുള്ള മാനസിക പിന്തുണയും നൽകുന്നു.
ഈ ഉത്തരവാദിത്വം അതിൻ്റെ പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്നു എന്നതാണ് കൈൻഡിനെ വ്യതിരക്തമാക്കുന്നത്.
വ്യത്യസ്ഥമായ അത്തരമൊരു സാന്ത്വന പരിചരണപ്രവർത്തനം നേരിൽ കണ്ട ഉള്ളിൽ തട്ടിയ അനുഭവത്തെ കുറിച്ച് ഞാനൊരിക്കൽ എഴുതിയിരുന്നു.
ക്ഷേത്രവും ക്ഷേത്രോത്സവവും ജീവശ്വാസം പോലെ കൊണ്ടു നടന്ന ഒരു വയോധികൻ പ്രായാധിക്യത്തെ തുടർന്ന് കിടപ്പു രോഗിയായി നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി. പരിചരണമേറ്റെടുത്ത കൈൻഡിൻ്റെ പ്രവർത്തകർ ഒരുത്സവകാലം അദ്ധേഹത്തിൻ്റെ മനസ്സ് വായിച്ചറിഞ്ഞ് രണ്ടു കിലോ മീറ്റർ ദൂരെയുള്ള ഉത്സവ പറമ്പിലേക്ക് എത്തിച്ചത്…..
ഉത്സവ പറമ്പിലെ ആരവങ്ങൾക്കും മേളപെരുക്കങ്ങൾക്കുമൊപ്പം ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയ ഉത്സവം വീണ്ടും കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം കൊണ്ട് ആ മനുഷ്യൻ്റെ കണ്ണ് നിറഞ്ഞത്…. ❣️
പുറം ലോകം കാണാതെ വർഷങ്ങളോളമായി വീട്ടിൽ ഒറ്റപ്പെട്ടു പോയ മനുഷ്യരെ തേടിയെത്തി പാട്ടു പാടി കൊടുത്തും അവർക്കൊപ്പം ചേർന്നു പാടിയും ചേർത്ത് പിടിച്ചത്….❣️
അവരുടെ ഉള്ളിലെ ഇരുളു മൂടി നിറം കെട്ടു പോയ സ്വപ്നങ്ങൾക്ക് വീണ്ടും വെളിച്ചം പകർന്നത്….❣️
അങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാടിൻ്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത കയ്യൊപ്പ് ചാർത്തിയ കൈൻഡിൻ്റെ പ്രവർത്തനം മാതൃകാപരമാണ്.
പ്രവാസ ജീവിതം നയിക്കുന്നത് കൊണ്ട് കൈൻഡിൻ്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മാനസിക പിന്തുണ എല്ലാ കാലത്തുമുണ്ടായിരുന്നു.
സ്വന്തമായ കെട്ടിടം നാടിന് സമർപ്പിക്കുന്ന ഈ സമയത്ത് കൈൻഡിൻ്റെ പ്രവർത്തകരുടെയും നാടിൻ്റെയും സന്തോഷത്തിൽ ദൂരെ നിന്ന് ഞാനും പങ്കു ചേരുന്നു.
ആശംസകളോടെ,
ഇ എം സുരേഷ്
(സൗദി അറേബ്യ)
